ഇടുക്കി


കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല (ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്). ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കിഎന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത